സുനിൽ ഛേത്രിയോട് കട്ടക്കലിപ്പ്, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചെയ‍്‍തത് ഇതാണ്; സംഭവം വിവാദത്തിൽ, വീഡിയോ വൈറൽ!

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് സുനിൽ ഛേത്രിയെന്ന കാര്യത്തിൽ തർക്കമില്ല. രാജ്യത്തിന് വേണ്ടി ഗോളടിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തിലുള്ള കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും ഒപ്പമാണ് ഛേത്രിയുടെ സ്ഥാനം. നായകനെന്ന നിലയിൽ ഇന്ത്യയെ അഭിമാനകരമായ നിരവധി നേട്ടങ്ങളിലേക്കും അദ്ദേഹം നയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൌട്ട് മത്സരത്തിൽ ഛേത്രി ചെയ്തത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുന്നതല്ല.

ബ്ലാസ്റ്റേഴ്സിനെതിരെ എക്സ്ട്രാ ടൈമിൽ കിട്ടിയ ഫ്രീകിക്ക് റഫറി വിസിൽ വിളിക്കുന്നതിന് മുൻപാണ് ഛേത്രി വലയിലാക്കിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരങ്ങൾ ഫ്രീകിക്കിന് തയ്യാറെടുത്തിരുന്നില്ല. ഗോളിയും വേണ്ടത്ര തയ്യാറെടുത്തല്ല നിന്നിരുന്നത്. കളി കണ്ടവരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾവലയിൽ കയറിയത്. ഗോൾ റഫറി അനുവദിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കടുത്ത പ്രതിഷേധമാണ് നടത്തിയത്. മത്സരം മുഴുവൻ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഇവാൻ വുകോമനോവിച്ചും സംഘവും പുറത്തേക്ക് പോന്നു.

മത്സരം കഴിഞ്ഞത് മുതൽ ഛേത്രിക്കെതിരെ മഞ്ഞപ്പട ആരാധകർ കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. വിമർശനം അതിര് കടന്ന് സൈബർ ആക്രമണം വരെയെത്തി. ഇപ്പോഴിതാ ഛേത്രിയുടെ കോലം കത്തിക്കുന്ന വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിൽ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഒരുകൂട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഛേത്രിയുടെ കോലം കത്തിച്ചത്. ഇതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദേശീയ തലത്തിൽ ഈ വീഡിയോ കാര്യമായി ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

ഛേത്രിക്കെതിരെ ആരാധകർ രൂക്ഷമായി മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം.
ഐഎസ്എൽ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ പ്ലേ ഓഫിൽ കടന്ന ടീം ഫൈനലും കളിച്ചിരുന്നു. ഈ സീസണിൽ അവസാന ഘട്ടത്തിൽ ബെംഗളൂരു എഫ്സിയുടെ കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തെത്തിച്ചത്. അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നിരന്തരം പരാജയപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടിയത്. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബെംഗളൂരു സെമിഫൈനലിൽ കടന്നു. വിവാദഗോളിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മാനേജ്മെൻറിന് പരാതി നൽകിയിട്ടുണ്ട്. പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നാണ് ടീമിൻെറ ആവശ്യം. എന്നാൽ മത്സരം പൂർത്തിയാവും മുമ്പ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന് ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഐഎസ്എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം മത്സരത്തിനിടയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. പിഴശിക്ഷയോ പോയൻറ് വെട്ടിക്കുറയ്ക്കുകയോ ചെയ്തേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം സീസൺ അവസാനം മാത്രമേ ഉണ്ടാവുകയുള്ളൂ.