പൗരത്വ ബില്‍; ഫെബ്രുവരിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രതിഷേധ സമരം

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായി ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. യോജിച്ച സമരം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപനം കോണ്‍ഗ്രസില്‍
ചര്‍ച്ചയായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ തനിക്കൊപ്പമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒപ്പം ചേര്‍ക്കാന്‍ പറ്റിയ ആളുകളല്ല സി.പി.എം എന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.  ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ  അഭിപ്രായം പുറത്തുവരുന്നത്. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിനായാണ് നേരത്തെ ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ത്ത് സി.പി.എം ഇതിന്റെ നേട്ടം സ്വന്തമാക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്രനാളും സംയുക്തപ്രക്ഷോഭത്തിനുകൂലമായ നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്.

ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. യോജിച്ച സമരത്തില്‍ മുഖ്യമന്ത്രി മുതലെടുപ്പ് നടത്തി. സമരവുമായി സി.പി.എം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. ഫെബ്രുവരിയില്‍ കേരളത്തില്‍ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.