‘ഓര്‍മയില്ലേ ഗുജറാത്ത്’ വിശദീകരണ യോഗത്തെ ബഹിഷ്‌കരിച്ചതിലെ കലിപ്പു തീര്‍ക്കാന്‍ പ്രകോപന മുദ്രാവാക്യവുമായി കുറ്റ്യാടിയില്‍ ബി.ജെ.പി മാര്‍ച്ച്

കുറ്റ്യാടി: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച വിശദീകരണ യോഗങ്ങള്‍ ബഹിഷ്‌കരിച്ചപ്പോള്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി കുറ്റ്യാടിയില്‍ ബി.ജെ.പി പ്രകടനം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതു പോലെയായിരുന്നു ഇന്നലെ കുറ്റ്യാടിയില്‍ നടന്ന ബി.ജെ.പി പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യങ്ങള്‍.

‘ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങുന്ന അങ്ങേയറ്റം വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. വിശദീകരണ യോഗത്തെ കടകളടച്ചും, നാട്ടുകാര്‍ ടൗണിലിറങ്ങാതെയും ബഹിഷ്‌കരിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കഴിഞ്ഞ ദിവസം കടകളടച്ച് വ്യാപാരികളും ടൗണിലിറങ്ങാതെ നാട്ടുകാരും ബഹിഷ്‌ക്കരിച്ചിരുന്നു. ഇതേ രീതിയിലാണ് കുറ്റ്യാടിയിലും, നരിക്കുനിയിലും ഇന്നലെ സംഘടിത പ്രതിഷേധം അരങ്ങേറിയത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. മുസ്ലിം ലീഗിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കുറ്റ്യാടിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിന് രാഷ്ട്ര രക്ഷാ സംഗമം എന്നപേരില്‍ നടത്തിയ പൊതുയോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടിക്ക് ഒരു മണിക്കൂര്‍ മുന്‍പേ വ്യാപാരികള്‍ ബഹിഷ്‌ക്കരിച്ച് കടകളടച്ചിടുകയായിരുന്നു. നാട്ടുകാരും ടൗണിലിറങ്ങിയില്ല.

കടേക്കയ്ച്ചാലില്‍ നിന്നാരംഭിച്ച റാലി ടൗണിലെത്തുമ്പോള്‍ വിജനമായ പ്രതീതിയായിരുന്നു. അടച്ചിട്ട ഏതാനും കടകളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധക്കുറിപ്പും കാണാമായിരുന്നു. കടയടപ്പിന് പിന്നില്‍  യാതൊരു ആഹ്വാനവും ഉണ്ടായില്ലെന്നും വ്യാപാരികള്‍ സ്വന്തം താല്‍പര്യ പ്രകാരമാണ് കടയടച്ചിട്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി ലത്തീഫ് പ്രതികരിച്ചു.

അതേസമയം ബഹിഷ്‌ക്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചാരണം ഉണ്ടായിരുന്നു. നരിക്കുനിയിലും വൈകീട്ട് ബി.ജെ.പിയുടെ പരിപാടി ബഹിഷ്‌കരിച്ച് വ്യാപാരികള്‍ കടകളടച്ചു.