ജെ.എന്‍.യു സംഘര്‍ഷം; വാട്സ്അപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെിരായ അക്രമം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ വിവാദ വാട്സാപ്പ് ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങളെയും വിളിച്ച് വരുത്തുകയും, അവരുടെ ഫോണ്‍ പിടിച്ചെടുത്ത് വിശദമായി പരിശോധിക്കാനുമാണ് കോടതി അറിയിച്ചിരിക്കുന്നത്. സന്ദേശങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി എല്ലാ വിവരങ്ങളും സംരക്ഷിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെടുമ്പോള്‍ കൈമാറണമെന്നും ഗൂഗിളിനോടും വാട്സ്അപ്പിനോടും കോടതി ആവശ്യപ്പെടുകയും ചെയ്തു.

ജെ.എന്‍.യുവിലെ മൂന്ന് പ്രൊഫസര്‍മാരാണ് സി.സി.ടി.വി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രൊഫസര്‍മാരുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ക്കായി സര്‍വകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ അധികൃതരില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്.

രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ആരാഞ്ഞ് വാട്‌സാപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞിരുന്നു. ജനുവരി അഞ്ചിനാണ് ഫീസ് വര്‍ദ്ധനക്കെതിരെ സമരം നടത്തികയായിരുന്ന വിദ്യാര്‍ത്ഥികളെ മുഖംമൂടി സംഘം അക്രമിച്ചത്. യൂണിയന്‍ പ്രസിഡന്റുള്‍പ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നതിന്റെ തെളിവുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.