നിര്‍ഭയ കേസ്; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹര്‍ജികള്‍. ഇവര്‍ക്കിനി രാഷ്ട്രപതിക്ക് ദയാ ഹര്‍ജി സമര്‍പ്പിക്കാം.

ദയാഹര്‍ജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹര്‍ജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ.

അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലെ മറ്റുള്ളവര്‍.