കളിയിക്കാവിള എ.എസ്.ഐ വധം; മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐ വില്‍സണ്‍ വധക്കേസിലെ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ ഷമീമും തൗഫീഖുമാണ് കര്‍ണാടകയിലെ ഉടുപ്പിയില്‍ നിന്നും പിടിയിലായത്. മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെപോലീസ് പിടികൂടിയിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന് പ്രതികളിലേക്ക് എത്താനായത്. അതേസമയം വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍വച്ച് വെടിവച്ചു കൊന്നത്.