‘ജുമാമസ്ജിദ് പാകിസ്താനിലാണോ? പ്രതിഷേധം അവകാശമാണ്’; കോടതി

ഡല്‍ഹി: പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. ഭീം ആര്‍മി നേതാവ് ചന്ദശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പോലീസിനെതിരെ തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡോ. കാമിനി ലോ വിമര്‍ശനം ഉന്നയിച്ചത്. പ്രതിഷേധിക്കുക എന്നത് ചന്ദ്രശേഖര്‍ ആസാദിന്റെ ഭരണഘടനാ അവകാശമാണെന്ന് ജസ്റ്റിസ് ലോ ചൂണ്ടിക്കാട്ടി. ‘ധര്‍ണ നടത്തുന്നതില്‍ എന്താണ് തെറ്റ്.

പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാ അവകാശമാണ്’- അവര്‍ ചൂണ്ടിക്കാട്ടി. ‘ഡല്‍ഹി ജുമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്. ഇനി അത് പാകിസ്താനില്‍ ആണെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് അവിടെ പോവാം. പ്രതിഷേധിക്കാം. പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു’- ജസ്റ്റിസ് ലോ പറഞ്ഞു. പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുള്ള  അവകാശമുണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു.

മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന പ്രോസിക്യൂട്ടറുടെ വാദത്തെയും അവര്‍ എതിര്‍ത്തു. 144 പ്രഖ്യാപിക്കുന്നത് ദുരുപയോഗം ചെയ്യലാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് കാമിനി ലോ പ്രോസിക്യൂട്ടറെ ഓര്‍മിപ്പിച്ചു.  പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്ന പലരും പിന്നെ വലിയ നേതാക്കന്‍മാരും മന്ത്രിമാരും ആയത് താന്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പറയേണ്ട കാര്യങ്ങളൊന്നും പറയുന്നില്ലെന്നും അതുകൊണ്ടാണ് ജനങ്ങള്‍ തെരുവില്‍  ഇറങ്ങേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ചിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ആസാദ് പോസ്റ്റ് ചെയ്ത സന്ദേശത്തെ കുറിച്ച പ്രോസിക്യൂട്ടറുടെ വാദവും ജഡ്ജ് മുഖവിലക്കെടുത്തില്ല. അതിലെന്താണ് തെറ്റെന്നായിരുന്നു അവരുടെ പ്രതികരണം.

മതപരമായ സ്ഥലങ്ങളില്‍ നിന്ന് ഒരാളെ അകറ്റി നിര്‍ത്തണമെന്ന് പറയുന്ന നിയമം ഏതാണെന്ന് തനിക്ക് കാണിച്ചു തരണമെന്നും അവര്‍ പ്രോസിക്യൂട്ടറോട് പറഞ്ഞു. ഡിസംബര്‍ 21നാണ് ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ചികിത്സ പോലും പോലീസ് നിഷേധിച്ചിരുന്നു.  പിന്നീട് കോടതിയുടെ ഇടപെടല്‍ മൂലമാണ് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയത്.