പൗരത്വ നിയമത്തില്‍ വിഷമം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഓ

ഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ല. നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വിഷമുണ്ടെന്ന് അദ്ദേഹം തുറന്നു
പറഞ്ഞു. യു.എസില്‍ നടന്ന ഒരുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. അത് വളരെ മോശമാണ്.

ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയില്‍ വരണം. എന്നിട്ട് അടുത്ത യൂണികോണ്‍ നിര്‍മിക്കണം എല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഓ ആവണം. ഇതാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ ബസ്ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോട് സത്യ നദെല്ലപറഞ്ഞു. ബെന്‍ സ്മിത്ത് ആണ് ട്വിറ്റര്‍ വഴി ഇതാദ്യം പുറത്തു വിട്ടത്. പിന്നീട് മൈക്രോസോഫ്റ്റ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയും നദെല്ലയുടെ പ്രതികരണം പങ്കുവെച്ചു.

‘എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കണം. അനുസൃതമായ കുടിയേറ്റ നയങ്ങളും കൊണ്ടു വരണം. ജനാപത്യ രാജ്യങ്ങളില്‍ ആ അതിരുകള്‍ ജനങ്ങളും അവരുടെ ഭരണകൂടവും ചര്‍ച്ച ചെയ്ത് നിര്‍ണയിക്കണം. ഞാന്‍ എന്നെ രൂപപ്പെടുത്തിയത് ഇന്ത്യന്‍ പാരമ്പര്യത്തിലാണ്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌ക്കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. യു.എസിലാണ് എന്റെ കുടിയേറ്റ അനുഭവം.

കുടിയേറ്റക്കാര്‍ക്ക് അവരുടെ ശോഭനമായ തുടക്കങ്ങള്‍ ആശിക്കാവുന്ന, അല്ലെങ്കില്‍ ഒരു കുടിയേറ്റക്കാരന്‍ ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥക്കും ഗുണപ്രദമായ ഒരു മള്‍ട്ടി നാഷനല്‍ കോര്‍പറേഷനെ നയിക്കുന്ന ഒരു ഇന്ത്യയാണ് എന്റെ ആഗ്രഹം’- മൈക്രോസോഫ്റ്റ് പങ്കുവെച്ചു.