അറസ്റ്റിലായ തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടു

ഡല്‍ഹി: ജമ്മു കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീര്‍ ഐജി അറിയിച്ചു.

ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് പണം വാങ്ങിച്ചത്. അതേസമയം ദേവീന്ദര്‍ സിങ് അവര്‍ക്ക് വീട്ടിലും അഭയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ തന്റെ വീട്ടിലാണ് ഇവരെ താമസിപ്പിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ശ്രീനഗര്‍ ജമ്മു ദേശീയപാതയിലൂടെ തീവ്രവാദികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് അറസ്റ്റിലായത്.

ഇവര്‍ ഡല്‍ഹിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ് ഇയാള്‍. തന്ത്രപ്രധാന സ്ഥലമായ ശ്രീനഗര്‍ വിമാനത്താവളത്തിന്റെയടക്കം ചുമതലയുള്ള ആളായിരുന്നു ദേവീന്ദര്‍ സിങ്.

കുല്‍ഗാം ജില്ലയില്‍നിന്ന് ഇയാളെ പിടികൂടുമ്പോള്‍ കൂടെ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി നവീദ് ബാബു, ആസിഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പിടികൂടിയ ശേഷം കശ്മിരിലും ശ്രീനഗറിലുമായി പോലീസ് നടത്തിയ വിവിധ റെയ്ഡുകളില്‍ എ.കെ 47 തോക്കുകളടക്കം വന്‍ ആയുധശേഖരവും പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കശ്മിരില്‍ 11 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളില്‍ നേതൃപരമായ പങ്കുള്ളയാളാണ് നവീദ് ബാബു. കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെതിരേയായിരുന്നു ഈ ആക്രമണങ്ങള്‍. പോലീസുകാരെയടക്കം കൊലപ്പെടുത്തിയ കേസും ഇയാള്‍ക്കെതിരേയുണ്ട്. ദേവീന്ദര്‍ സിങ് മുന്‍പ് അഫ്സല്‍ ഗുരുവിനെതിരായ കേസില്‍ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്.

നേരത്തെ, ദേവീന്ദര്‍ സിങ്ങിനെതിരേ ആരോപണങ്ങളുമായി പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരു രംഗത്തെത്തിയിരുന്നു. തന്നെ കേസില്‍ കുരുക്കിയത് ദേവീന്ദര്‍ സിങ്ങാണെന്നായിരുന്നു ആരോപണം. ഈ കേസില്‍ ഉള്‍പ്പെട്ടയാള്‍ക്കൊപ്പം ഡല്‍ഹിയിലെത്താനും അയാള്‍ക്ക് അവിടെ താമസ സൗകര്യമൊരുക്കാനും ദേവീന്ദര്‍ സിങ് തന്നോട് ആവശ്യപ്പെട്ടതായി അഫ്സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.