ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരക്ക് നാളെ തുടക്കം

മുംബൈ: ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് നാളെ തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ച തിരിഞ്ഞ് 1.30നാണ് ആദ്യ മത്സരം.  മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉണ്ടാവുക. 17ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലും 19ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിലും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ നടക്കും. എല്ലാ മത്സരങ്ങളും ഡേ നൈറ്റാണ്.ശക്തരായ ടീമുമായാണ് ഓസീസ് ഇന്ത്യന്‍ മണ്ണിലേക്കെത്തുന്നത്.

വിലക്കിനു ശേഷം ടീമിലേക്ക് തിരികെയെത്തിയ ഡേവിഡ് വാര്‍ണറിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും സാന്നിധ്യമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഇരുവരും ഫോമിലാണെന്നുള്ളത് ഇന്ത്യയുടെ തലവേദന വര്‍ധിപ്പിക്കുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ അവിശ്വസനീയ പ്രകടനം തുടരുന്ന മാര്‍നസ് ലബുഷാനെയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അലക്‌സ് കാരി, ഡാര്‍സി ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംബ തുടങ്ങി മുന്‍നിര ടീം തന്നെ ഇന്ത്യക്കെതിരെ ഇറങ്ങും. ആരോണ്‍ ഫിഞ്ചാണ് ഓസീസ് നായകന്‍.

മറുവശത്ത് ഇന്ത്യന്‍ ടീമും മോശമല്ല. ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എന്നീ മൂന്ന് ഓപ്പണര്‍മാരും ഫോമിലായത് ഇന്ത്യക്ക് തലവേദനയാവും. മനീഷ് പാണ്ഡെയും കേദാര്‍ ജാദവും തമ്മിലും സമാന മത്സരം നടക്കുന്നുണ്ട്. അഞ്ചാം നമ്പരില്‍ ഇവരില്‍ ഒരാള്‍ മാത്രമേ ടീമില്‍ ഉണ്ടാവൂ. പാര്‍ട്ട് ടൈം ബൗളര്‍ എന്ന നിലയില്‍ കേദാര്‍ ജാദവ് തന്നെ കളിച്ചേക്കും. അത് കോലി തന്നെ സൂചിപ്പിച്ചിരുന്നു. നാലാം നമ്പര്‍ ശ്രേയസ് അയ്യരും ആറാം നമ്പര്‍ ഋഷഭ് പന്തും ഉറപ്പിച്ചിട്ടുണ്ട്. പേസ് ഓള്‍റൗണ്ടറായി ടീമിലെത്തിയ ശിവം ദുബെ കളിക്കാനിടയില്ല.