പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി; മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ മകളും

കോട്ടയം: പീഡനത്തെത്തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ മാതാപിതാക്കള്‍ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മകളും ആത്മഹത്യ ചെയ്തു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് മകളെ പീഡിപ്പിച്ച അയല്‍വാസിയ്ക്കെതിരെ മാതാപിതാക്കള്‍ ശനിയാഴ്ച്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി വീട്ടിലെത്തിയ അന്ന് രാത്രിയിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. രാവിലെ ഉറക്കം ഉണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു. പിറവത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ചറിയിച്ച ശേഷമായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്.

അവര്‍ അറിയിച്ചത് പ്രകാരം പോലീസും പരിസരവാസികളും വീട്ടിലെത്തിയപ്പോഴേക്കും മകളും മരിച്ചിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അയല്‍വാസിയായ ജിഷ്ണു(20) വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഞായറാഴ്ച്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ജിഷ്ണുവിനെതിരെ കേസെടുത്തത്.