വിമാനം തകര്‍ന്നത് അബദ്ധത്തില്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാന്‍

ബാഗ്ദാദ്: യുക്രൈന്‍ വിമാനം തകര്‍ന്നുവീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാന്‍. തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നുവീണതെന്ന് രാജ്യം സമ്മതിച്ചു. വിമാനം തകര്‍ന്ന് വീണതിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് ഇന്നലെ അമേരിക്കയും കാനഡയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ശേഷം തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നുവീണതെന്ന് സമ്മതിച്ച ഇറാന്‍ അപകടം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശദീകരിച്ചു.

ബുധനാഴ്ച രാവിലെയാണ് യുക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഇറാനിലെ ഇമാം ഖൊമെയ്നി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്ന് വീണത്. സംഭവത്തില്‍ 176 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ മിസൈലുകള്‍ ഉപയോഗിച്ച് അക്രമിച്ചതിന് തൊട്ടടുത്ത മണിക്കൂറിലാണ് വിമാനം തകര്‍ന്നുവീണത്.

സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇത് യുക്രൈനും ശരി വച്ചിരുന്നു. പിന്നീട് ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന്റെ തെളിവുകള്‍ ലഭിച്ചെന്ന വാദവുമായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ യുക്തി രഹിതമാണെന്നായിരുന്നു ഇറാന്റെ വാദം.