കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

കോഴിക്കോട്: നിസാമുദ്ദീന്‍ മംഗളാ എക്‌സപ്രസില്‍ പാഴ്‌സലായി എത്തിയ
പഴകിയ കോഴിയിറച്ചി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടി. 650 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. ഷവര്‍മയുള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനായി കൊണ്ടുവന്ന ഇറച്ചിയാണ് ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

65 കിലോയുടെ പത്ത് ബോക്‌സുകളായാണ് കോഴിയിറച്ചി എത്തിയത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിയിറച്ചി കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ കോഴിയിറച്ചിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.

ഈ ഇറച്ചിയുപയോഗിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കോഴിക്കോട് നഗരത്തില്‍ വിതരണത്തിനായി എത്തിച്ചതാണ് ഇറച്ചിയെന്നാണ് വിവരം. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വകുപ്പ്, റെയില്‍വേ ആരോഗ്യ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.