മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞുവച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: പണിമുടക്ക് ദിനത്തില്‍ ഹൗസ് ബോട്ടില്‍ തന്നെ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് മൈക്കിള്‍ ലെവിറ്റ് പറഞ്ഞു. വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ജില്ലാ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലെവിറ്റ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം പണിമുടക്ക് ദിനത്തില്‍ ഹൗസ് ബോട്ടില്‍ നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞുവച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍.

അജി, സുധീര്‍, സാബു, ജോളി എന്നിവരാണ് പിടിയിലായത്. കൈനകരി കുട്ടമംഗലം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നലെയാണ് ആലപ്പുഴ സന്ദര്‍ശിക്കാനെത്തിയ നൊബേല്‍ സമ്മാനജേതാവടക്കമുള്ള വിനോദസഞ്ചാരികളുടെ ഹൗസ്ബോട്ട് കുട്ടനാട്ടില്‍ സമരാനുകൂലികള്‍ തടഞ്ഞത്. ബോട്ട് തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മൈക്കിള്‍ ലെവിറ്റും സംഘവും കായലില്‍ കുടുങ്ങി.

കുട്ടനാട് ആര്‍ ബ്ലോക്കിലായിരുന്നു സംഭവം. തുടര്‍ന്ന് പ്രതിഷേധക്കാരെ ഭയന്ന് ആലപ്പുഴയിലേക്ക് പോകാതെ ലെവിറ്റും ഒപ്പമുള്ളവരും ഹൗസ്ബോട്ടില്‍ കുമരകത്തേക്ക് തിരിച്ച് പോയി. 2013-ല്‍ കെമിസ്ട്രിയില്‍ നൊബേല്‍ സമ്മാനം നേടിയ ലിത്വാനിയന്‍ സ്വദേശിയാണ് മൈക്കല്‍ ലെവിറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച അദ്ദേഹം കിങ്‌സ് കോളേജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.