യുദ്ധത്തിന് താല്‍പര്യമില്ല, ശക്തമായ ഉപരോധം തുടരും; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസ്ഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തില്‍ യുഎസിനോ ഇറാഖിനോ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് അമേരിക്കന്‍ ഫോഴ്‌സ് എന്തിനും സന്നദ്ധരാണ്.

മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തില്ല. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് യുദ്ധത്തിന് താല്‍പര്യമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിചേര്‍ത്തു. ഇറാനെ ഇനി ഒരിക്കലും ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അവര്‍ തീവ്രവാദത്തിന്റെ സ്പോണ്‍സര്‍മാരാണ്.

ഈ നയം തിരുത്തുന്നതുവരെ ശക്തമായ ഉപരോധം തുടരുമെന്ന് വ്യക്തമാക്കിയ ട്രംപ് സുലൈമാനിയുടെ വധത്തിലൂടെ ഭീകരര്‍ക്കുള്ള സന്ദേശമാണ് നല്‍കിയതെന്നും സൂചിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ് ഇല്ലാതാക്കിയത്. തിരിച്ചടി സംബന്ധിച്ച് നേരത്തേ സൂചന ലഭിച്ചിരുന്നു. അതിനാല്‍ പൂര്‍ണ സജ്ജരായാണ് സൈനികര്‍ നിലകൊണ്ടത്.

അമേരിക്കയുടേയോ ഇറാഖിന്റെയോ ഒരു സൈനികന് പോലും പരുക്കേറ്റിട്ടില്ല
ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നിലവിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കണം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും ഈ രാജ്യങ്ങള്‍ പിന്‍മാറണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.