ദേശീയ പണിമുടക്ക്; നൊബേല്‍ സമ്മാനജേതാവ് സഞ്ചരിച്ച ഹൗസ്ബോട്ട് തടഞ്ഞു

ആലപ്പുഴ: നൊബേല്‍ സമ്മാനജേതാവടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ഹൗസ്ബോട്ട് കുട്ടനാട്ടില്‍ സമരാനുകൂലികള്‍ തടഞ്ഞു. രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കില്‍ ലെവിറ്റും ഭാര്യയും അടക്കമുള്ള വിദേശികള്‍ സഞ്ചരിച്ച ബോട്ടാണ് തടഞ്ഞത്. ബോട്ട് തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മൈക്കിള്‍ ലെവിറ്റും സംഘവും കായലില്‍ കുടുങ്ങി. കുട്ടനാട് ആര്‍ ബ്ലോക്കിലാണ് സംഭവം.

പ്രതിഷേധക്കാരെ ഭയന്ന് ആലപ്പുഴയിലേക്ക് പോകാതെ ലെവിറ്റും ഒപ്പമുള്ളവരും ഹൗസ്ബോട്ടില്‍ കുമരകത്തേക്ക് തിരിച്ച് പോയി. ആലപ്പുഴയൊഴികെ സംസ്ഥാനത്തെ മറ്റ് ടൂറിസം മേഖലകള്‍ പണിമുടക്ക് ദിനത്തിലും സാധാരണ നിലയിലായിരുന്നു. ഹര്‍ത്താലും പണിമുടക്കും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്ക് എന്നിവയില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനാണ് ആലപ്പുഴയില്‍ മങ്ങലേറ്റത്.