വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; മകളെ സഫര്‍ ശല്യം ചെയ്തിരുന്നതായി അച്ഛന്‍

തൃശൂര്‍: ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ച കൊച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മരട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗോപികയുടെ(ഈവ)യുടെ മൃതദേഹമാണ് വാല്‍പ്പാറ തേയിലത്തോട്ടത്തിന് സമീപത്തു നിന്നു കണ്ടെത്തിയത്. സുഹൃത്ത് സഫറിനെ( 26)പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലക്കപ്പാറയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലീസ് തെരച്ചില്‍ തുടര്‍ന്നിരുന്നത്. അതേ സമയം സൗഹൃദം തുടരാനാകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നാണ് അറസ്റ്റിലായ സഫറിന്റെ മൊഴി. സഫര്‍ വലിയ ശല്യക്കാരനായിരുന്നുവെന്നും മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട ഗോപികയുടെ പിതാവ് വിനോദ് പറഞ്ഞു.

പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിനോദ് ആരോപിച്ചു. താക്കീത് ചെയ്തപ്പോള്‍ ശല്യം ചെയ്യില്ലെന്ന് സഫര്‍ ഉറപ്പ് നല്‍കിയതായിരുന്നു. ഇന്നലെയും മകളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടതാണെന്നും സ്‌കൂള്‍ സമയം കഴിഞ്ഞാണ് കുട്ടിയെ കാണാതായതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. മരട് സ്വദേശിയായ ഗോപികയെ കാണാനില്ലെന്ന പരാതി നേരത്തെ പേലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്നുമുള്ള വിവരവും ലഭിച്ചു. മലക്കപ്പാറയെത്തിപ്പോഴും രണ്ടുപേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പോലീസിന് ലഭിച്ചു. എന്നാല്‍ തമിഴ്‌നാടിലെ വാല്‍പ്പാറ ചെക്‌പോസ്റ്റിലെ പരിശോധനയിലാണ് കാറില്‍ രക്തക്കറകണ്ടെത്തിയത്. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി.