കൊച്ചി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ആണ്‍ സുഹൃത്ത് കൊന്ന് കാട്ടിലുപേക്ഷിച്ചു

തൃശൂര്‍: കൊച്ചി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു. മരട് സ്വദേശിയായ ഈവയാണ് (ഗോപിക) കൊല്ലപ്പെട്ടത്. സുഹൃത്ത് സഫറിനെ( 26) പോലീസ് അറസ്റ്റ് ചെയ്തു. മലക്കപ്പാറയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന മൊഴിയുടെ
അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലീസ് തെരച്ചില്‍ തുടരുകയാണ്.

ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മരട് സ്വദേശിയായ ഈവയെ കാണാനില്ലെന്ന പരാതി നേരത്തെ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്നുമുള്ള വിവരവും ലഭിച്ചു. മലക്കപ്പാറയെത്തിപ്പോഴും രണ്ടുപേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പോലീസിന് ലഭിച്ചു.

എന്നാല്‍ തമിഴ്നാടിലെ വാല്‍പ്പാറ ചെക്പോസ്റ്റിലെ പരിശോധനയിലാണ് കാറില്‍ രക്തക്കറകണ്ടെത്തിയത്. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. മൃതദേഹം കണ്ടെത്താന്‍ മലക്കപ്പാറയിലെ കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്.