ദേശീയ പണിമുടക്ക്; ഹൗറയില്‍ ട്രെയിന്‍ തടയുന്നു, കേരളത്തില്‍ ഹര്‍ത്താലാകും

ഡല്‍ഹി: നിരവധി ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മിനിമം വേതനം 21,000രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം. അര്‍ധരാത്രി മുതല്‍ ആരംഭിച്ച പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്നുണ്ട്. ബീഹാറിലെ ഹൗറയില്‍ ട്രെയിന്‍ തടയുന്നുണ്ട്.

കേരളത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ശബരിമല സര്‍വ്വീസ് ഒഴികെ കെ.എസ്.ആര്‍.ടി.സിയും സര്‍വ്വീസ് നടത്തുന്നില്ല. ട്രെയിന്‍ മാര്‍ഗം വിവിധയിടങ്ങളില്‍ വന്നിറങ്ങുന്നവരെല്ലാം ലക്ഷ്യസ്ഥാനത്തെത്താനാകാതെ വലയുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്കുമായി സഹകരിക്കില്ലെന്നറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ചിത്രം വ്യക്തമാകണമെങ്കില്‍ കുറച്ചുകൂടി സമയം പിന്നിടണം.

മിനിമം വേതനം വര്‍ധിപ്പിക്കുക, 44തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചുമാണ് പണിമുടക്ക്. കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിലേക്കു മാറുന്ന കാഴ്ചയാണ് കാണുന്നത്. അവശ്യസര്‍വ്വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.