എയര്‍ഇന്ത്യ ഓഹരി വില്‍പന; താല്‍പര്യപത്രം ക്ഷണിക്കാന്‍ അനുമതി

ഡല്‍ഹി: നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ ഓഹരിവിറ്റഴിക്കാന്‍ ഉടന്‍ താല്‍പര്യപത്രം ക്ഷണിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള മന്ത്രിതല സമിതി അനുമതി നല്‍കി. പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പൂട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.

എയര്‍ഇന്ത്യ വാങ്ങുന്നതിന് ഇത്തിഹാദ് എയര്‍ലൈന്‍സും ഇന്‍ഡിഗോയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി മുന്‍പ് പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍കരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ച് മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്.