ജെ.എന്‍.യു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍

ഡല്‍ഹി: ജെ.എന്‍.യു മുഖംമൂടി ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു രക്ഷാദള്‍ ഏറ്റെടുത്തു. ജെ.എന്‍.യുവിലെ ദേശദ്രോഹ പ്രവൃത്തികള്‍ സഹിക്കവയ്യാതെയാണ് ആക്രമണം നടത്തിയതെന്നാണ് പാര്‍ട്ടി തലവന്‍ പിങ്കി ചൗധരി നല്‍കുന്ന വിശദീകരണം. പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും ചൗധരി പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്രമത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തത്.

‘ജെഎന്‍യു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരം താവളങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നമ്മുടെ രാജ്യത്തെയും മതത്തിനെയും അവര്‍ അധിക്ഷേപിക്കുന്നു. നമ്മുടെ മതത്തിനു നേര്‍ക്കുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയിലും ഏതെങ്കിലും സര്‍വകലാശാലകളില്‍ ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ അവിടെയും ഞങ്ങള്‍ ഇതേ സമീപനം സ്വീകരിക്കും.”- ഭൂപേന്ദ്ര തൊമാര്‍ വീഡിയോയിലൂടെ പറഞ്ഞു.

”അവര്‍ നമ്മുടെ രാജ്യത്ത് ജീവിക്കുന്നു, ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു, വിദ്യാഭ്യാസം നേടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയവരെല്ലാം ഞങ്ങളുടെ പ്രവര്‍ത്തകരാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിയാനും ഞങ്ങള്‍ തയ്യാറാണ്.”- തൊമാര്‍ പറയുന്നു.

പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി അഞ്ചിന് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടികള്‍ നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുള്‍പ്പെടെ നിവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.