വിസി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ഡല്‍ഹി: ജെ.എന്‍.യു സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ പെരുമാറിയത് ഭീരുവിനെ പോലെയെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍. ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വി സി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും പറഞ്ഞു.

ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തള്ളി വൈസ് ചാന്‍സലര്‍ രംഗത്തെത്തിയിരുന്നു. അക്രമം അഴിച്ചുവിട്ടത് സമരം നയിച്ച വിദ്യാര്‍ത്ഥികളായിരുന്നുവെന്നായിരുന്നു ചാന്‍സലറുടെ ആരോപണം. ഇതിന് പിന്നാലെയാണ് വൈസ് ചാന്‍സലര്‍ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ ആഞ്ഞടിച്ചത്.

അതേസമയം, ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ആക്രമണത്തിന് പിന്നില്‍ എബിവിപിയെന്ന് ആവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പോലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതമായി തുടരുകയാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയാണ്. തലയ്ക്ക് ഗുരുതമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അന്‍പതോളം പേര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഓഫീസര്‍ അസംഭവം അന്വേഷിക്കും.