വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണം; പിണറായി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എബിവിപി പ്രവര്‍ത്തകര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു എന്നും പിണറായി പറഞ്ഞു. ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്.

ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.