ജെ.എൻ.യുവിൽ എ.ബി.വി.പിയുടെ മിന്നലാക്രമണം; നിരവധി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്ക്

ഡൽഹി: ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനെ കൊലപ്പെടുത്താന്‍ എബിവിപി ശ്രമം. ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ഐഷിയെ ഗുരുതുര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫീസ് വര്‍ധനയ്ക്കെതിരെ സമരംചെയ്യുന്ന വിദ്യാര്‍ഥികളെ എബിവിപിക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സെന്റര്‍ഫോര്‍ ലിന്‍ഗുസ്റ്റിക്സ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ സൂരിയുടെ തല അടിച്ചു തകര്‍ത്തു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു. സൂരിയെ എയിംസിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് സ്റ്റമ്പുകളും കമ്പുകളുമായി സംഘടിച്ചെത്തിയ എഴുപതോളം എബിവിപിക്കാരാണ് അക്രമം നടത്തിയത്. സംഭവമറിഞ്ഞ് കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഘടിച്ച് പ്രതിരോധിച്ചതോടെ എബിവിപിക്കാര്‍ ക്യാമ്പസ് വിട്ടുപോയി.

ഫീസ് വര്‍ധന പിന്‍വലിച്ച് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യുഎസ്യു മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് തിങ്കളാഴ്ച്ച മാര്‍ച്ച് നടത്തും. വിദ്യാര്‍ഥിനികളെയടക്കം തല്ലിച്ചതയ്ക്കുന്ന സര്‍വകലാശാല അധികൃതരുടെ നീക്കം ചോദ്യം ചെയ്താണ് മാര്‍ച്ച്. ശനിയാഴ്ച സെക്യൂരിറ്റി ജീവനക്കാര്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

എബിവിപിക്കാരും ആര്‍എസ്എസ് അനുഭാവികളായ അധ്യാപകരും വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ഫീസ് വര്‍ധന പിന്‍വലിക്കാന്‍ തയാറാകാതെ ഓണ്‍ലൈന്‍വഴി രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ ചെറുത്തതോടെയാണ് സംഘടിത ആക്രമണങ്ങള്‍ തുടങ്ങിയത്.