വകുപ്പ് വിഭജനം പൂര്‍ത്തിയായി; എന്‍.സി.പിക്ക് സുപ്രധാന വകുപ്പുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ശരത് പവാറിന്റെ എന്‍.സി.പിക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കി ഉദ്ധവ് തക്കാറെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കി. എന്‍.സി.പി നേതാക്കളായ ഉപമുഖ്യന്ത്രി അജിത് പവാറിന് ധനകാര്യ, ആസൂത്രണ
വകുപ്പുകളും അനില്‍ ദേശ്മുഖിന് ആഭ്യന്തര വകുപ്പും ജയന്ത് പാട്ടീലിന് ജലവിഭവ- പാര്‍പ്പിട വകുപ്പുകളും ലഭിച്ചു. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചുകൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരി അംഗീകാരം നല്‍കി.

പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നിയമവകുപ്പുകള്‍ എന്നിവ മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കാണ്. ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറേക്ക് പരിസ്ഥിതി, വിനോദസഞ്ചാര വകുപ്പുകളാണ് നല്‍കിയത്. വ്യവസായം-ഖനനം വകുപ്പുകളും മറാത്ത ഭാഷാ വകുപ്പും ശിവസേനയുടെ സുഭാഷ് ദേശായിക്കും നഗരവികസന വകുപ്പിന്റെ ചുമതല ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡേയ്ക്കുമാണ്.

കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തോറാതിന് റവന്യൂവകുപ്പും, ജയന്ത് പാട്ടീലിന് പൊതുമരാമത്ത് വകുപ്പും ലഭിച്ചു. ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നവംബര്‍ 28നാണ് അധികാരമേറ്റത്. 43 അംഗങ്ങളാണ് ഉദ്ധവ് മന്ത്രിസഭയിലുള്ളത്. ഇതില്‍ 10 പേര്‍ സഹമന്ത്രിമാരാണ്.