ഇന്ത്യന്‍ മുസ്ലിങ്ങളെ കുറിച്ച് വേവലാതിപ്പെടാതെ സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തിക്കൂ- ഇമ്രാന്‍ ഖാനോട് ഒവൈസി

ഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പോലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച  പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ എന്നാണ് ഇമ്രാനോട് ഒവൈസി പറഞ്ഞത്.

ബംഗ്ലാദേശില്‍ നിന്നുള്ള വിഡിയോ ഇന്ത്യയില്‍ നിന്നുളളതാണെന്ന് പറഞ്ഞു പങ്കുവെച്ച ഇമ്രാന്റെ നടപടിക്കെതിരെയാണ് ഒവൈസിയുടെ പ്രതികരണം. ‘ഇന്ത്യയില്‍ നിന്നുള്ളതാണെന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇമ്രന്‍ ഖാന്‍ നിങ്ങള്‍ നിങ്ങളുടെ നാട്ടുകാരെ ഓര്‍ത്ത് വേവലാതിപ്പെടൂ.

ജിന്നയുടെ തെറ്റായ ആശയം ഞങ്ങള്‍ അന്നുതന്നെ തള്ളിയതാണ്. ഇന്ത്യന്‍ മുസ്ലിങ്ങളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇനിയും അങ്ങിനെതന്നെയായിരിക്കും’- ഒവൈസി പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള ഏഴുവര്‍ഷം പഴക്കമുള്ള വീഡിയോ ആണ് ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചിരുന്നത്.