സംവിധായകന്‍ വൈശാഖിനും ഭാര്യയ്ക്കും കാറപകടത്തില്‍ പരിക്ക്

കൊച്ചി: സംവിധായകന്‍ വൈശാഖിനും കുടുംബാംഗങ്ങള്‍ക്കും കാറപകടത്തില്‍ പരിക്ക്. കൊച്ചി-മധുര ദേശീയപാതയില്‍ കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ ശനിയാഴ്ചയാണ് അപകടം നടന്നത്. വൈശാഖും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ പിക്ക്അപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. കോതമംഗലത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു വൈശാഖ്.

അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പം വാഹനത്തിലുണ്ടായിരുന്നു. രണ്ട്   വാഹനത്തിലുമുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ജോണി ആന്റണിയുടെ അസോസിയേറ്റായിട്ടായിരുന്നു സിനിമാ പ്രവേശം. 2010-ല്‍ പോക്കിരി രാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായ പുലിമുരുകന്‍ ഒരുക്കിയതും വൈശാഖാണ്. എട്ട് സിനിമകളാണ് വൈശാഖ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്.