വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ കൂടുതല്‍ സംഘടനകള്‍ രംഗത്ത്

ആലപ്പുഴ: എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും.

അതേസമയം, 16 ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സുഭാഷ് വാസുവും സെന്‍കുമാറും ചേര്‍ന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് സൂചന. കൂടാതെ വെള്ളാപ്പള്ളിക്കും ഇപ്പോഴത്തെ യോഗം നേതൃത്വത്തിനും എതിരെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സുഭാഷ് വാസുവിന് പ്രത്യക്ഷ പിന്‍തുണ നല്‍കുന്നില്ലെങ്കിലും, വെള്ളാപ്പള്ളിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഐക്യരൂപം വരുത്താനാണ് ശ്രീ നാരായണ സഹോദര ധര്‍മ്മവേദിയുടെ തീരുമാനം.

അനധികൃത സമ്പാദ്യത്തിന്റെ പൂര്‍ണ്ണ ചിത്രം, പ്രതീക്ഷിക്കുന്ന തരത്തില്‍ രേഖകള്‍ പുറത്തുവന്നാല്‍ വെളളാപ്പളളിയെ ഭരണകക്ഷിക്ക് പോലും പരസ്യമായി പിന്തുണയ്ക്കാന്‍ കഴിയില്ലെന്നാണ് വെള്ളാപ്പള്ളി വിരുദ്ധ ചേരിയുടെ വിലയിരുത്തല്‍. ഒപ്പം മൈക്രോ ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം, വിദ്യാര്‍ത്ഥികളില്‍ നിന്നുളള തലവരപ്പണം, ബി ഡി ജെ എസ്സിനു കിട്ടിയ സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളിലും വെള്ളാപ്പള്ളി വിരുദ്ധ ചേരി വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് വിവരം.