സര്‍ക്കാരിനെ വിമശിച്ചും ഉപദേശിച്ചും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്

കോട്ട: രാജസ്ഥാനിലെ കോട്ട സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ കൂട്ട ശിശുമരണത്തില്‍ സര്‍ക്കാരിനെ വിമശിച്ചും ഉപദേശിച്ചും ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. കുട്ടികളുടെ മരണത്തില്‍ കോണ്‍ഗ്രസ് സഹാനുഭൂതിയും സൂക്ഷ്മതയും പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2016ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇതേ ആശുപത്രിയില്‍ 1,100 കുട്ടികള്‍ മരിച്ചിരുന്നു എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രണ്ടുദിവസം മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നു. കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്.

ഇക്കാര്യത്തില്‍ നമ്മുടെ പ്രതികരണങ്ങള്‍ കൂടുതല്‍ സഹാനുഭൂതിയോടെയും സൂക്ഷമതയേടെയും
ആയിരിക്കണമെന്നാണ് തന്റെ അഭിപ്രായം. അധികാരത്തിലേറി 13 മാസം പിന്നിട്ട ശേഷം മുന്‍സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ അപാകതകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് താന്‍ കരുതുന്നത്. ഇപ്പോഴത്തെ മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ട ജെ.കെ ആശുപത്രി സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

   ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം. ആദ്യമായാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് സ്വന്തം സര്‍ക്കാരിനെതിരേ വിമര്‍ശനമുയരുന്നത്. കോട്ട ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 107 ആയി.