അടുത്തത് റോഹിങ്ക്യകളെ പുറത്താക്കല്‍; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശ്രീനഗര്‍: പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി എന്നിവയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൊതു ഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ഇതിനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായും ജിതേന്ദ്ര സിംഗ് പറഞ്ഞു. ‘അവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച ആറ് മതന്യൂനപക്ഷ വിഭാഗങ്ങളില്‍( ഹിന്ദു, സിഖ്, ഹുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍)പ്പെട്ടവരല്ല. അവര്‍ കേന്ദ്രം തീരുമാനിച്ച അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നവിടങ്ങളില്‍ നിന്നുള്ളവരുമല്ല. അതിനാല്‍ തന്നെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയില്ല.

‘ ജിതേന്ദ് സിംഗ് പറഞ്ഞു. ജമ്മുവില്‍ വലിയ തോതില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ യു.എന്‍ അഭയാര്‍ത്ഥി വകുപ്പില്‍ രജിസ്റ്റര്‍
ചെയ്യാത്ത 40000 അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടന്നാണ് വിലയിരുത്തല്‍. മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ ജമ്മുവിലും ഹൈദരാബാദിലും ഹരിയാനയിലും യു.പിയിലും രാജസ്ഥാനിലും ഡല്‍ഹിയിലുമായി ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു.