കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍; മുകളില്‍ നിന്നുള്ള ഉത്തരവെന്ന് പോലീസ്

ലഖ്നൗ: മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍. ഉത്തര്‍ പ്രദേശ് പോലീസ് ആണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ അതിര്‍ത്തിയില്‍ വെച്ചു തന്നെ അദ്ദേഹത്തെ
കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം പങ്കുവെച്ചത്.

പോലീസ് മാന്യമായാണ് തന്നോട് പെരുമാറുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. മുകളില്‍ നിന്നുള്ള ഉത്തരവ് മൂലമാണ് കസ്റ്റഡിയെന്നാണ് പോലീസ് അദ്ദേഹത്തിന് നല്‍കിയ വിശദീകരണം. എവിടേക്കാണ് തന്നെ കൊണ്ടു പോവുന്നതെന്നറിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ എത്തിച്ച ഹോട്ടലിന്റെ ചിത്രവും പങ്കുവെക്കുന്നു. സി.എ.എ പ്രക്ഷോഭങ്ങള്‍ക്കു ശേഷം ഇന്റര്‍നെറ്റ് പോലും വിച്ഛേദിച്ച അവസ്ഥയാണ് യു.പിയില്‍.

അതിനാല്‍ കസ്റ്റഡി സംബന്ധിച്ച വിവരങ്ങള്‍ എത്രത്തോളം പുറത്തെത്തുമെന്നാണ് ആശങ്ക. പൗരത്വ നിയമത്തിനും ഭേദഗതിക്കുമെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് കണ്ണന്‍ഗോപിനാഥന്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം തന്റെ ഐ.എ.എസ് രാജി വെച്ചത്.