അന്യായമായി പിരിച്ചുവിട്ടത് 166 ജീവനക്കാരെ, മുത്തൂറ്റില്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റിലെ പണിമുടക്ക് ഒത്തുതീര്‍ന്നതിനുശേഷം ജോലിയില്‍ പ്രവേശിച്ച 166 ജീവനക്കാരെ പ്രതികാര നടപടിയുടെ ഭാഗമായി കാരണം കാണിക്കാതെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ഇത്രയും ജീവനക്കാരെ മാനേജ്മെന്റ് അന്യായമായി പിരിച്ചുവിട്ടത്.

നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടിയു) നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ11 റീജണുകളിലായി 564 ശാഖകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ റീജണല്‍ ഓഫീസുകളുടെയും മുഴുവന്‍ ശാഖകളും സ്തംഭിച്ചു. ചില ശാഖകള്‍ തുറക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും പ്രതിഷേധം മൂലം പരാജയപ്പെട്ടു. പോലീസ് സഹായത്തോടെ ചില ശാഖകള്‍ തുറക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു.

പണിമുടക്കിയ ജീവനക്കാര്‍ ജില്ലാ ശാഖകള്‍ക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. എറണാകുളം, പാലക്കാട്, തിരുവനന്തപുരം ജില്ലാ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധിച്ച ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റുവരിച്ചു.