ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍: ചെറുത്തുരുത്തിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ചിത്രയുടെ ഭര്‍ത്താവ് മോഹനനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ബുധനാഴ്ച അര്‍ധരാത്രിയാണ് ചിത്രയെ ഭര്‍ത്താവ് മോഹനന്‍ അമ്മയുടെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവ ശേഷം ഇയാളും സുഹൃത്തുക്കളും നാടുവിട്ടു.

തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം കീഴടങ്ങുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപെട്ട് സംസാരിക്കുന്നതിനിടെ ചിത്ര പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് മോഹനന്‍ മൊഴി നല്‍കി. മോഹനന്റെ സുഹൃത്തുക്കളായ രവികുമാറിനും കൃഷ്ണകുമാറിനും കൊലപാതകത്തെപ്പറ്റി പൂര്‍ണമായും അറിയില്ലെന്നാണ് പോലീസ് കരുതുന്നത്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടായിരുന്നു കൊല്ലപ്പെട്ട ചിത്ര.