പൗരത്വ ഭേദഗതിയില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല; അമിത് ഷാ

ജോദ്പൂര്‍: പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകില്ലെന്നും ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ച് വന്നാല്‍ പോലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ ബി.ജെ.പി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നത്. പൗരത്വ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സര്‍ക്കാര്‍ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും.

ഓരോ വീട്ടിലും ചെന്ന് ഇതൊക്കെ നുണയാണെന്ന് തങ്ങള്‍ പറയും. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ജനം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഇല്ലാത്തതെന്നും കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്കറിയാമെന്നും അമിത് ഷാ വ്യക്തമാക്കി.