പൗരത്വനിയമത്തിനെതിരായ പ്രതിഷേധം: ആറ് വര്‍ഷം മുമ്പ് മരിച്ചയാള്‍ക്കും യു.പി പോലീസിന്റെ നോട്ടിസ്

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫിറോസാബാദ് പോലീസ് 200 പേര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നോട്ടിസ് അയച്ചത്. എന്നാല്‍ ഇതില്‍ ഒരു നോട്ടിസ് എത്തിച്ചേര്‍ന്നിരിക്കുന്നത് ആറ് വര്‍ഷം മുമ്പ് മരിച്ച ആളുടെ പേരിലാണ്.

94-ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടിസയച്ചിരിക്കുന്നത്. മാത്രമല്ല, 90 ഉം 93- ഉം വയസുള്ള മറ്റ്  രണ്ട് പേര്‍ക്കും പോലീസ് നോട്ടിസയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും ലഭിച്ചു പോലീസിന്റെ നോട്ടിസ്. ഇവരോട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതൊരു പിശകാണെന്നും തിരുത്തുമെന്നുമാണ് യുപി പോലീസിന്റെ വിശദികരണം. സമാധാനം നിലനിര്‍ത്താന്‍ തങ്ങളുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദമുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എടുത്ത ഇടക്കാല നടപടികളാണിതെന്ന് പോലീസ് വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ രണ്ടാഴ്ച മുമ്പ് വ്യാപക പ്രക്ഷോഭമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവെപ്പിലും മറ്റുമായി 21 പേരാണ് കൊല്ലപ്പെട്ടത്.