‘വെള്ളാപ്പള്ളി രക്തംകുടിക്കുന്ന ഡ്രാകുള’; വിമര്‍ശനവുമായി സുഭാഷ് വാസു

ആലപ്പുഴ: ഏറെനാളായി പുകഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിയിലെത്തി. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. തുഷാറും കുടുംബവും എന്‍ഡിഎയെ വഞ്ചിച്ചുവെന്ന് സുഭാഷ് വാസു ആരോപിച്ചു. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്റെ കുടുംബം. തനിക്കെതിരെ പല വഴികളിലൂടെ കൊലവിളി നടക്കുന്നുണ്ട്. അതുകൊണ്ടൊന്നും ഭയക്കില്ലെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു.

ബിഡിജെഎസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളത്ത് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. അതിന് ശേഷം വെള്ളാപ്പള്ളി നടേശന്‍ സിപിഐഎമ്മുമായി നടത്തിയ ഒത്തുകളിയില്‍ ആറ്റിങ്ങലും ആലത്തൂരും വിട്ടു നല്‍കി. അഴിമതിക്ക് വേണ്ടിയാണ് സീറ്റുകള്‍ വിട്ടു നല്‍കിയത്. ബിഡിജെഎസ് പ്രസ്ഥാനത്തെയാകെ വെള്ളാപ്പള്ളി നടേശനും തുഷാറും ചേര്‍ന്ന് വിഡ്ഢികളാക്കി.

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അനിയപ്പന്‍ എന്ന സ്ഥാനാര്‍ത്ഥിയെയാണ് തീരുമാനിച്ചത്. സിപിഐഎമ്മുമായി നടത്തിയ കുതിരക്കച്ചവടത്തില്‍ ആ സീറ്റ് ബിജെപിക്ക് വിട്ട് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുഭാഷ് വാസു ആഞ്ഞടിച്ചു. കേന്ദ്ര സ്‌പൈസസ് ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായുള്ള തുറന്ന
പോരിന് സുഭാഷ് വാസു കളത്തിലിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണ്. തനിക്കെതിരെ ഇതുവരെ ഒരു സാമ്പത്തിക ക്രമക്കേട് ആരോപണവും ഉണ്ടായിട്ടില്ല. ശ്രീനാരായണ ഗുരു പറഞ്ഞ ദര്‍ശനങ്ങളിലൂടെയാണ് താന്‍ ജീവിക്കുന്നത്. മദ്യം ഉത്പാദിപ്പിക്കരുത്, വില്‍ക്കരുത് എന്നാണ് വെള്ളാപ്പള്ളി കുടുംബം പറയുന്നത്. എന്നാല്‍ അവര്‍ ചെയ്യുന്നത് അതാണെന്നും സുഭാഷ് വാസു പറഞ്ഞു.

2002 ല്‍ ഇന്‍കംടാക്സ് റെയ്ഡ് നടത്തിയപ്പോള്‍ സ്ഥിരീകരിച്ചത് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു കോടി എണ്‍പത് ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ്. പലയിടങ്ങളിലും തുഷാറിന് ഉന്നതമായ സ്ഥാപനങ്ങളുണ്ട്. തുഷാറിന് ഏകദേശം 500 കോടിയുടെ ആസ്തിയുണ്ട്. മക്കാവോയില്‍ ഫ്ളാറ്റുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു.