പൗരത്വ ഭേദഗതി നിയമത്തിന് ഒരു രക്തസാക്ഷി കൂടി; രേഖകള്‍ നഷ്ടപ്പെട്ട മനോവിഷമത്തില്‍ റിട്ട അധ്യാപകന്‍ ജീവനൊടുക്കി

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനു കോഴിക്കോട്ടു നിന്നൊരു രക്തസാക്ഷി. രാജ്യവ്യാപകമായി പൗരത്വഭേദഗതി ബില്ലിനെതിരേ പ്രതിഷേധം കനക്കുന്നതിനിടെ തന്റെയും പിതാവിന്റെയും രേഖകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ നരിക്കുനിയില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ മുഹമ്മദലി(65)  ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഇദ്ദേഹത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യത്തെമ്പാടും നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന ഇദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നുവെത്രെ. കേരളം പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത് കേരള ഗവര്‍ണറും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും രംഗത്ത് വന്നിരുന്നു.