ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; ആക്രമണം ട്രംപിന്റെ നിര്‍ദ്ദേശത്തോടെ

ടെഹ്റാന്‍: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസ്സെം സൊലേമാനി അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ആക്രമണമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൊലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും അമേരിക്കയ്ക്കു പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വകരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സുലൈമാനിയുടെ മരണവാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ അമേരിക്കന്‍ പതാകയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇറാന്റെ സൈനിക വളര്‍ച്ചയില്‍ നിര്‍ണായ പങ്കു വഹിച്ചയാളാണ് സുലൈമാനി. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബശ്ശാര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്ബുല്ല സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു. ഇറാന്‍ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സൊലൈമാനി വരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി തവണ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.