ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് യൂസഫലിയും രവിപിള്ളയും

ദുബായ്: ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് വ്യവസായി എംഎ യൂസഫലി. സമ്മേളനഹാള്‍ നവീകരിച്ചതിനെ വിമര്‍ശിച്ചവരേയും യൂസഫലി ചോദ്യം ചെയ്തു. രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ക്കിരിക്കാന്‍ നല്ല കസേരകളിട്ടത് ധൂര്‍ത്തെന്നു പറഞ്ഞവരെ വിമര്‍ശിച്ച യൂസുഫലി കേരള സഭ യോജിപ്പിന്റെ വേദിയാക്കണമെന്നും അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ യോജിക്കണമായിരുന്നു. വിദേശത്ത് വരുന്ന നേതാക്കള്‍ക്ക് പാര്‍ട്ടി നോക്കിയല്ല സ്വീകരണങ്ങള്‍ നല്‍കുന്നത്. അതേ സ്വീകരണം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രവാസികളും പണക്കാരല്ലെന്നും പ്രവാസികളുടെ ക്ഷേമത്തിന് എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രമുഖ വ്യവസായി രവി പിള്ളയും യൂസഫലിയെ പിന്തുണച്ചു. ലോക കേരള സഭയില്‍ രാഷ്ട്രീയം നോക്കാതെ എല്ലാവരും പങ്കെടുക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.