വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് കഴിക്കാന്‍ തുടങ്ങിയത് ആശങ്കപ്പെടുത്തുന്നു; കേന്ദ്രമന്ത്രി

പട്ന: വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. വിദേശത്തേക്ക് പോകുന്ന കുട്ടികളില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ബീഫ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതിന് കാരണം അവര്‍ക്ക് നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും പരമ്പരാഗത മൂല്യത്തെക്കുറിച്ചും അറിവില്ലാത്തതുകൊണ്ടാണെന്നും ഗിരിരാജ് സിങ് പഞ്ഞു. ‘ഭഗവത് ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കണം.

നമ്മള്‍ നമ്മുടെ കുട്ടികളെ മിഷനറി സ്‌കൂളുകളില്‍ അയക്കുന്നു. അവര്‍ ഐ.ഐ.ടികളിലൂടെ എന്‍ജിനീയര്‍മാരും കളക്ടര്‍മാരും ആകുന്നു. അതല്ലെങ്കില്‍ വിദേശത്തേക്ക് പോകുന്നു. ഇവരില്‍ ഭൂരിഭാഗവും ബിഫ് കഴിക്കാന്‍ ആരംഭിക്കുന്നു. കാരണം എന്താണ്? അവരെ നമ്മള്‍ നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യവും പഠിപ്പിച്ചില്ല. പിന്നീട്, കുട്ടികള്‍ തങ്ങളെ പരിപാലിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു.

ഇത് വളരെ ആശങ്കാജനകമാണ്. അതിനാല്‍, സ്‌കൂളുകളില്‍ ഭഗവത് ഗീതയിലെ ശ്ലോകങ്ങള്‍ പഠിപ്പിക്കണം ‘-ഗിരിരാജ് സിംങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്.