സ്ഥാനം രാജിവെച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് കെ. മുരളീധരന്റെ മുന്നറിയിപ്പ്

കുറ്റ്യാടി: കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് കെ. മുരളീധരന്‍ എം.പി. ഗവര്‍ണറെന്ന് അദ്ദേഹത്തെ വിളിക്കുന്നില്ല. ബി.ജെ.പിയുടെ ഏജന്റാണ് അദ്ദേഹമെന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരായ മുരളീധരന്റെ കടന്നാക്രമണം.

പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ക്കെതിരേ തിരിഞ്ഞു. ഒരുപരിധി വിട്ടാല്‍ ഗവര്‍ണറെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘നിയമസഭ ഐകകണ്ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് എങ്ങനെയാണെന്ന് ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. ഓരോ പദവിയിലിരിക്കുമ്പോഴും പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് വ്യക്തികള്‍ക്ക് ആദരം ലഭിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയും ഓര്‍മിപ്പിച്ചു.