റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി കേന്ദ്രം

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി. കേന്ദ്രവും മമതയും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് നടപടി. നിരസിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ട് വിദ്ഗധ കമ്മിറ്റികള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് മാത്രമാണ് നല്‍കിയിരിക്കുന്ന വിശദീകരണം. ബി.ജെ.പിയുടേയും കേന്ദ്രത്തിന്റെയും ശക്തയായ വിമര്‍ശകയാണ് മമത.

എന്‍.ആര്‍സിയും സി.എ.എയും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 56 അപേക്ഷകളായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ബംഗാള്‍ സര്‍ക്കാരിന് ലഭിച്ചിട്ടെല്ലെന്ന് സംസ്ഥാനത്തെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി പറയുന്നു. ബംഗാളിലെ വികസന പ്രവര്‍ത്തനങ്ങള്‍, ജലസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള മാതൃകകള്‍ തുടങ്ങിയ കാര്യങ്ങളാണ് ടാബ്ലോക്ക് വിഷയമാക്കിയിരുന്നതെന്നും റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.