ഒരാളുടെ എതിര്‍പ്പിനു മാത്രം എന്ത് പ്രസക്തി, പ്രമേയത്തെ എതിര്‍ക്കാതിരുന്നത് മന:പൂര്‍വം; ഒ. രാജഗോപാല്‍

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്‍ക്കാതിരുന്നതിന് വിശദീകരണവുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് മന:പൂര്‍വമായിരുന്നു. ഒരാളുടെ എതിര്‍പ്പിന്
പ്രസക്തിയില്ലെന്ന് തോന്നി. അതിനാലാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിയമസഭയില്‍ പ്രമേയം പാസാക്കിയപ്പോള്‍ പ്രസംഗത്തില്‍ വിയോജിച്ചെങ്കിലും ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തിരുന്നില്ല. പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ കൈ പൊക്കാതിരിക്കുകയായിരുന്നു. അതേസമയം, ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഈ പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.