നിയമസഭയുടെ പ്രമേയത്തിന് നിയമസാധുതയില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമ സഭാ പ്രമേയത്തിന് ഭരണഘടനാ നിയമസാധുതയില്ല. പൗരത്വ പ്രശ്നം പൂര്‍ണമായും കേന്ദ്ര വിഷയമാണ്.
എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞദിവസമാണ് കേരളാ നിയമസഭ പ്രമേയം പാസാക്കിയത്. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ ഒഴികെ പ്രതിപക്ഷ അംഗങ്ങള്‍ അടക്കം എല്ലാവരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.