റെയില്‍വേ നിരക്കുകള്‍ കൂട്ടി, ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പുതുവത്സരസമ്മാനമായാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇരുട്ടടി. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസയുടെ വര്‍ധന
യും എ.സി ക്ലാസില്‍ കിലോമീറ്ററിന് നാല് പൈസയുടെയും വര്‍ധനയുണ്ടാകും. എക്‌സ്പ്രസ്, രാജധാനി, ജനശതാബ്ദി ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമായിരിക്കും. വര്‍ധന ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.

സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും  മാറ്റമില്ല. മെയില്‍ എക്സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും.

എ.സി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വന്നത്. ചെയര്‍കാര്‍, ത്രീ ടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിച്ചു.
സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനവുണ്ടാവും.