നിയമസഭാ പ്രമേയം; മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടിസുമായി ബി.ജെ.പി

ഡല്‍ഹി: കേരള നിയമസഭയില്‍ ഇന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരേ അവകാശ ലംഘന നോട്ടിസ് നല്‍കി. ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവാണ് അവകാശലംഘന നോട്ടിസ് നല്‍കിയത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണ്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണെന്നും ജനാധിപത്യ അവകാശം ഹനിക്കുന്നതാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന പാർലെന്റ് പ്രിവിലേജ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ ആശങ്കയിലാക്കുന്ന നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നുമാണ് നിയമസഭയില്‍ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. രാജ്യമെങ്ങും ആശങ്കയിലാണെന്നും പ്രവാസികള്‍ക്കിടയിലും ആശങ്ക ശക്തമാെണെന്നും അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ ഒരു നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയം അവതരിപ്പിച്ചത്.

അതേ സമയം പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന കേരളത്തിന്റെ പ്രമേയത്തെ ഡി.എം.കെ സ്വാഗതം ചെയ്തു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു. സമാന പ്രമേയം പാസാക്കാന്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പൗരത്വഭേദഗതിക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്. ഡി.എം.കെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുയിടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.