ഭരത് മുരളി നാടകോത്സവത്തില്‍ പ്രശാന്ത് നാരായണന്റെ ‘സ്വപ്നവാസവദത്തം’ അരങ്ങേറും

ദുബായ്: ഛായാമുഖി, മകരധ്വജന്‍, മഹാസാഗരം തുടങ്ങി നിരവധി നാടകങ്ങള്‍ അണിയിച്ചൊരുക്കുക വഴി ഇന്ത്യന്‍ നാടകവേദിയില്‍ ഏറെ ശ്രദ്ധേയനായ പ്രശാന്ത് നാരായണന്റെ പുതിയ നാടകം ‘സ്വപ്നവാസവദത്തം’ ജനുവരി 2 ന് അരങ്ങേറും. അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പത്താമത് ഭരത് മുരളി നാടകോല്‍സവവേദിയില്‍ രാത്രി 8 മണിക്ക് ആണ് നാടകം ആരംഭിക്കുക. നാടകത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ നാല്പത്തിയഞ്ചു മിനിട്ടാണ്.

സ്വപ്നവും യാഥാര്‍ത്ഥ്യവും ഇഴപിരിഞ്ഞുള്ള കാഴ്ചകളിലൂടെ അധികാരവും അലസതയും സമൂഹത്തില്‍ വരുന്ന അസ്വസ്ഥതകളാണ് നാടകത്തിന്റെ പ്രമേയം. സ്വജനങ്ങള്‍ക്ക് സ്വസ്ഥത കൊടുക്കേണ്ടുന്ന ഭരണാധികാരി ഭ്രമാത്മകമായ സ്വപ്നങ്ങളില്‍ അടിപ്പെട്ടുപോയാല്‍ അനര്‍ഹര്‍ അധികാരം കയ്യാളും. നാട് അസ്വസ്ഥമാവും. നാട്ടിലെ നാനാതരം മനുഷ്യര്‍ സങ്കടങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും. സ്വന്തക്കാര്‍ ഒഴിഞ്ഞുപോകും.

സ്വപ്നങ്ങള്‍ എല്ലാം ഭ്രാന്തുകളാണെന്നും അതു പങ്കുവയ്ക്കാനാവില്ലെന്നും നാടകം സംവദിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം സാര്‍വ്വജനനീയമാണ് അതു പങ്കുവയ്ക്കാനാവും എന്നാല്‍ സ്വപ്നങ്ങള്‍ സ്വാര്‍ത്ഥവും ഏകപക്ഷീയവും ആണ്. രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് ഭാസമഹാകവി എഴുതിയ നാടകത്തിന് പാരമ്പര്യത്തെ നിഷേധിക്കാതെയുള്ള ആധുനികോത്തര രംഗഭാഷ ചമയ്ക്കുകയാണ് പ്രശാന്ത് നാരായണന്‍.

    പതിനേഴോളം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ തീരത്തിന്റെ കലാ വിഭാഗമാണ് തീരം ആര്‍ട്‌സ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎയിലെ നാടക രംഗത്ത് സജീവ സാന്നിധ്യമായ തീരം ആര്‍ട്‌സിനു വേണ്ടി ഹരി റാം പള്ളിയില്‍, ഷാജി കുറുപ്പത്ത്, നരേഷ് കോവില്‍, സുമനേഷ്, മഹേഷ് ബാബു, സുധേഷ് ,അജിഷ് കരിമ്പാച്ചന്‍, രാജന്‍ , രതീഷ് ഇരട്ടപ്പുഴ, അനില്‍ ,സജിനേഷ്, പ്രസനന്‍, സബിന്‍, അഗ്‌നേഷ്, ശീതള്‍, ഗ്രീഷ്മ, വില്‍മ, ആത്മന, നയന, സുധ തുടങ്ങി ഇരുപതോളം നടീനടന്മാര്‍ അരങ്ങിലെത്തും.

കര്‍ണ്ണാടക നാടക സംഗീതകാരന്‍ രാഘവേന്ദ്ര കമ്മാര്‍ സംഗീത പശ്ചാത്തലവും ഹിമാന്‍ഷു. ബി ജോഷി ദീപവിതാനവും ഒരുക്കുന്ന നാടകത്തില്‍ കലാസംവിധാനം ആസിഫ്, വേഷവിധാനം മോചിത പ്രക്യതി, ചമയം പവിത്രന്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. രചനാ സംശ്ലേഷണം കല സാവിത്രി. സഹസംവിധാനം സിജോ കുട്ടനാടന്‍. ബ്രോഷര്‍ ഡിസൈന്‍ ഭട്ടതിരി, രംഗാധിപന്‍ സുമനേഷ്, രംഗ വ്യാഖ്യ, സംവിധാനം പ്രശാന്ത് നാരായണന്‍.