ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചു; യുവാവിന്റെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക

മഹാരാഷ്ട്ര: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചെന്നാരോപിച്ച് യുവാവിന്റെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മഷിയൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി മഷിയൊഴിക്കുമ്പോഴും ഇയാള്‍ ഫോണില്‍ സംഭാഷണം തുടരുകയാണ്.

ചുറ്റുമുള്ളവര്‍ സംഭവം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്നാരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ ഹേമന്ത് തിവാരി എന്നയാളെ മര്‍ദിക്കുകയും തല നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിക്കുകയും ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു.