സന്യാസിയുടെ സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ ശിക്ഷിക്കപ്പെടും; പ്രിയങ്കയോട് യോഗി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്. പൊതുജനസേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സന്യാസിയുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ആദിത്യനാഥിന്റെ മുന്നറിയിപ്പ്.

‘പൊതുജന നന്മ കാവിയിലൂടെ'( ഭഗ്വാ മേം ലോക് കല്യാണ്‍) എന്ന ഹാഷ്ടാഗോടെയാണ് യോഗി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരു സന്യാസിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കും. പാരമ്പര്യമായി രാഷ്ട്രീയം ലഭിച്ചവര്‍ക്കും പ്രീണനരാഷ്ട്രീയം പ്രയോഗിക്കുന്നവര്‍ക്കും സേവനം എന്ന ആശയം മനസിലാകില്ല’- യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്. കാവി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തില്‍ പ്രതികാരത്തിനും അക്രമത്തിനും
സ്ഥാനമില്ലെന്ന് യോഗി ആദിത്യനാഥിന്റെ കാവി വസ്ത്രത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞിരുന്നു.