പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം; നിയമസഭാ സമ്മേളനം തുടങ്ങി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച സഭയില്‍ ആദ്യം പട്ടികജാതി- പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം പാസാക്കി.

പട്ടികവിഭാഗസംവരണം സംബന്ധിച്ച 126-ാം ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞ പത്തിന് ലോക്‌സഭയും 12ന് രാജ്യസഭയും പാസാക്കി. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ പകുതിയിലേറെ സംസ്ഥാന നിയമസഭകള്‍ പ്രമേയം പാസാക്കണം. സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രമേയവും സഭ ഐകകണ്ഠേന പാസാക്കി.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടി കാണിച്ചു. പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാല്‍ എതിര്‍ത്തു. പതിനെട്ട് പേരുടെ പാനലാണ്  പ്രമേയാവതരണത്തിന് ശേഷം നിയമസഭയില്‍ സംസാരിക്കുന്നത്.